പെട്രോളും പട്രോളും ഇല്ലാതെ കൊച്ചി പോലീസ് വാഹനങ്ങൾ

0
52
Kochi Police vehicles without money to pay fuel bills, ഇന്ധന ബില്ലടക്കാൻ പണമില്ലാതെ പോലീസ് വാഹനങ്ങൾ
ഇന്ധന ബില്ലടക്കാൻ പണമില്ലാതെ കൊച്ചി പോലീസ് വാഹനങ്ങൾ

കൊച്ചി: 24 മണിക്കൂറും നഗരത്തിൽ പട്രോളിംഗ് നടത്തേണ്ട 12 പോലീസ് കൺട്രോൾ റൂം വാഹനങ്ങൾ പണമടയ്ക്കാത്ത ഇന്ധന ബില്ലുകൾ വർധിച്ചതോടുകൂടി പ്രവർത്തനരഹിതമായി കിടക്കുന്നു.

ഔദ്യോഗിക രേഖകൾ പ്രകാരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കൊച്ചി രാജ്യത്ത് മൂന്നാം സ്ഥാനത്താണ്, എന്നാൽ ഇത് പോലീസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ജാഗ്രതയ്ക്ക് ഇടയാക്കിയിട്ടില്ല.

കൊച്ചി പോലീസിനെ സംബന്ധിച്ചിടത്തോളം നടപടിയില്ലാത്തതിനു പിന്നിൽ ഒരു കാരണമുണ്ട്…..ഇന്ധന ബില്ലടക്കാൻ പണമില്ല.

നിലവിൽ നഗരത്തിൽ 24 മണിക്കൂറും പട്രോളിങ് നടത്തേണ്ട പൊലീസ് കൺട്രോൾ റൂമിന്റെ 12 വാഹനങ്ങൾ ഓഫിസ് വളപ്പിൽ വെറുതെ കിടക്കുകയാണ്. 

പെട്രോൾ ബങ്കുകൾക്കും വർക്ക്‌ഷോപ്പുകൾക്കുമായി പോലീസ് വകുപ്പിന് ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുള്ളതായും ഈ തുക ദീർഘകാലമായി കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്‌.

കൊച്ചി സിറ്റി പോലീസ് കൺട്രോൾ റൂമിൽ 24 വാഹനങ്ങളുള്ളതിൽ 12 എണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല.

എറണാകുളത്തെ എആർ ക്യാമ്പിലും അഞ്ച് പട്രോളിംഗ് വാഹനങ്ങൾ വെറുതെ കിടക്കുന്നു.

മന്ത്രിമാർക്കും കോർപറേറ്റ് മേധാവികൾക്കുപോലും ആഡംബര വാഹനങ്ങൾ നൽകാൻ സർക്കാർ കോടിക്കണക്കിന് രൂപ നൽകുമ്പോഴും പൊലീസ് വകുപ്പിന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ല.

ഒരു പോലീസ് വാഹനത്തിന് ഒരു മാസം ശരാശരി 200 ലിറ്റർ ഡീസൽ ആവശ്യമാണ്, ഒരു വാഹനത്തിന് ഏകദേശം 20,000 രൂപ വരും.  അതായത് പോലീസ് കൺട്രോൾ റൂമിന് പ്രതിമാസം അഞ്ച് ലക്ഷം രൂപയാണ് ചെലവ്.

കൊച്ചിയിൽ കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥർ ഇന്ധനം നിറയ്ക്കാൻ ആശ്രയിക്കുന്നത് എംജി റോഡിലെ മൂന്ന് പെട്രോൾ ബങ്കുകളെയാണ്.  എന്നാൽ, ബില്ലുകൾ നീണ്ടുപോയപ്പോൾ ഔട്ട്‌ലെറ്റുകൾ ഇന്ധനം നൽകാൻ വിസമ്മതിച്ചു.

 വർക്ക്ഷോപ്പുകളിലും ഇതുതന്നെ സ്ഥിതി.  അടക്കാത്ത ബില്ലുകൾ കുമിഞ്ഞുകൂടിയതോടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നിർത്തി. 

എന്നാൽ ഈ നിർണായക പ്രശ്നം പരിഹരിക്കാനുള്ള ശക്തമായ നടപടികളൊന്നും വകുപ്പ് ആരംഭിച്ചിട്ടില്ല. 

സേനയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തരുതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

 നഗരത്തിൽ പോലീസിന്റെ പട്രോളിംഗ് പോരായ്മ വെളിച്ചത്തുവന്നത് സുരക്ഷാവീഴ്ചയുണ്ടായപ്പോഴാണ്, ഞായറാഴ്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വാഹനം ഒരു യുവാവ് തടഞ്ഞത്. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓടുന്ന കാറിൽ വെച്ച് ഒരു മോഡൽ കൂട്ടമാനഭംഗത്തിനിരയായി. 

ഈ സംഭവവും നഗരത്തിൽ പോലീസ് പട്രോളിംഗിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

Reporter
Author: Reporter