തന്റെ സഹോദരന്റെ നിയമനം നടത്തിയത് കൗണ്‍സിലല്ല സര്‍ക്കാരാണെന്ന് അഞ്ജു ബോബി ജോര്‍ജ്. അജിത് മാര്‍ക്കോസിന്റെ നിയമനത്തിന്റെ കാര്യത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ദൂതന് മുഖേന രാജിക്കത്ത് കായികമന്ത്രിക്ക് കൈമാറി.സ്പോര്‍ട്സ് ലോട്ടറിയില്‍ വ്യാപക അഴിമതി നടന്നു. രണ്ടു കോടിയിലധികമാണ് സ്പോര്‍ട്സ് ലോട്ടറിയിലെ അഴിമതിയെന്നും അഞ്ജുബോബി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സിലെ അഴിമതി പുറത്തു കൊണ്ടു വന്നതില്‍ തന്നോട് അമര്‍ഷമെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനു ശേഷമുളള പത്രസമ്മേളനത്തിലാണ് അഞ്ജുവിന്റെ ആരോപണം. ജിവി രാജയെ കരയിച്ചവര്ക്കു മുന്നില്‍ തങ്ങളുടെ കണ്ണീര് ഒന്നുമല്ലെന്നും തന്റെ കൈകള്‍ ശുദ്ധമെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. അപമാനം സഹിച്ച് ഇനി തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി.
സ്പോര്‍ട്സ് രാഷ്ടീയത്തിനും മതത്തിനും അതീതമാണെന്ന വിശ്വാസമാണ് തകര്‍ന്നതെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. താന്‍ ചുമതലയേറ്റ ആറര മാസകാലത്തിനുളളില് വന്‍ ക്രമക്കേടുകള്‍ താന്‍ കണ്ടെത്തിയതെന്നും കായികരംഗം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറിയില്‍ നടന്നതെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. അഞ്ജുവിനൊപ്പം പരീശീലക സ്ഥാനത്തു നിന്നും അഞ്ജുവിന്റെ സഹോദരന് അജിത് മാര്‍ക്കോസും രാജിവെച്ചു. അഞ്ച് മെഡലുകള്‍ നേടിയ കായിക താരമെന്ന നിലയിലാണ് സഹോദരന് ജോലി നല്‍കിയതെന്നും അഞ്ജു പറഞ്ഞു. എത്തിക്സ് കമ്മറ്റി കൊണ്ടു വന്നത് എതിര്‍പ്പുകള്‍ക്ക് കാരണമായെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ജയരാജനെതിരായ കുരുക്ക് മുറുകുന്തോറും സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച മറ്റൊന്നായിരുന്നു. ‘കാര്യങ്ങള്‍ക്ക് എന്തൊരു സ്പീഡാ… അഞ്ജു പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആപള്ളി ഏത്…?’ എന്നതായിരുന്നു ഇന്നും ഇന്നലെയുമായി സാമൂഹ്യമാധ്യമങ്ങളില്‍ ഓടിക്കളിക്കുന്ന ആചോദ്യം. ചില വിരുതന്മാര് ഈ ചോദ്യത്തിന് ഉത്തരവും കണ്ടെത്തിയിരുന്നു. കണ്ണൂര്‍, പേരാവൂരിലെ സെന്റ് ജോസഫ് ഫൊറോനാ പള്ളി.
എന്നാല്‍, അത് തന്റെ ഇടവക പള്ളിയാണെന്നും താന്‍ പോകുന്നത് കോട്ടയത്തെ പുതുപ്പള്ളി പള്ളി (മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടവക പള്ളി) യിലാണെന്നും അഞ്ജു ‘മംഗള‘ ത്തോട് പറഞ്ഞു. മന്ത്രിയെ വിവാദങ്ങള്‍ പിടിമുറുക്കിയതു മുതല്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് തന്റെ പള്ളി ഏതാണ് എന്നതാണെന്നും അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.