ഇടുക്കിയിൽ ചെറുവിമാനം ഇറങ്ങി.

0
96
ഇടുക്കിയിൽ ചെറുവിമാനം ഇറങ്ങി
ഫോട്ടോ: ഇടുക്കി സത്രത്തിലെ എയർ സ്ട്രിപ്പിൽ ഇറങ്ങിയ ചെറിയ വിമാനം

 പീരുമേട്: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പണികൾ ഉടൻ വേഗത്തിലാകുമെന്ന പ്രതീക്ഷയിൽ ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനമിറങ്ങി. വണ്ടിപ്പെരിയാറിനടുത്തുള്ള സത്രത്തിലെ എയർസ്ട്രിപ്പിലായിരുന്നു കന്നി ലാൻഡിംഗ്.


കൊച്ചിയിൽ നിന്ന് രാവിലെ 9.30 ഓടെ പറന്നുയർന്ന വൈറസ് എസ്‌ഡബ്ല്യു 80 എന്ന ചെറുവിമാനം രാവിലെ 10.30ന് സത്രം എയർസ്ട്രിപ്പിൽ ഇറക്കി. മിഗ് 21 യുദ്ധവിമാനങ്ങൾ പറത്തിയിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ എ കെ ശ്രീനിവാസ അയ്യരും ഉദയരവിയുമാണ് വിമാനം നിയന്ത്രിച്ചത്. പീരുമേട് നിയമസഭാംഗം വാഴൂർ സോമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൈലറ്റുമാരെ സ്വീകരിച്ചത്.

എൻസിസി എയർ വിംഗിലെ കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. (NCC-നാഷണൽ കേഡറ്റ് കോർപ്സ്.) കേരള പൊതുമരാമത്ത് വകുപ്പ് സാധാരണ എയർ ബേസ് അല്ലെങ്കിൽ എയർപോർട്ട് സൗകര്യങ്ങൾ ഇല്ലാതെ ഒരു റൺവേ ആയ എയർസ്ട്രിപ്പ് നിർമ്മിച്ചു. ചെറുവിമാനങ്ങൾ ഇറങ്ങുന്നതിന് വേണ്ടിയാണ് സത്രം എയർസ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്.

 നേരത്തെ ഏപ്രിൽ, ജൂൺ മാസങ്ങളിൽ വിമാനം ഇറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം വിജയിച്ചില്ല.

 എയർസ്ട്രിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2017-ൽ ആരംഭിച്ചു. 4 ചെറുവിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാംഗറിന്റെ നിർമ്മാണവും 50 എൻസിസി കേഡറ്റുകൾക്ക് പരിശീലനം നൽകാനുള്ള സൗകര്യവും എയർസ്ട്രിപ്പ് പരിസരത്ത് പൂർത്തിയായി. പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലെയാണ് എയർസ്ട്രിപ്പ്.

എയർസ്ട്രിപ്പ് കൊണ്ടുള്ള എന്ത് പ്രയോജനം ആണ് ഇടുക്കിക്കുള്ളത്?

 അടിയന്തര ഘട്ടങ്ങളിൽ ഇടുക്കി ജില്ലാ ഭരണകൂടത്തിന് ഉപയോഗിക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും എയർസ്ട്രിപ്പ് പ്രയോജനപ്പെടും. ഹെലികോപ്റ്ററുകൾക്കും വ്യോമസേനയുടെ വിമാനങ്ങൾക്കും ഈ എയർസ്ട്രിപ്പിൽ ഇറങ്ങാം.

 650 മീറ്റർ നീളമുള്ള റൺവേയിൽ ചെറുവിമാനങ്ങൾ, വ്യോമസേനാ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ കൈകാര്യം ചെയ്യാൻ കഴിയും.

 കോട്ടയം-കുമളി റോഡിൽ വണ്ടിപ്പെരിയാറിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് സത്രം എയർസ്ട്രിപ്പ്. പത്തനംതിട്ടയിൽ നിന്ന് സീതത്തോട്-ആങ്ങമൂഴി-ഗവി-വള്ളക്കടവ് വഴി എയർസ്ട്രിപ്പിലെത്താം.

Reporter
Author: Reporter